Thursday 26 December 2013

.........ശാന്തിഗീതം.....................



ഒരു കാട്ടുവേടന്റ്റെ അമ്പിനാൽ പിടയുന്ന
ശാരിക പൈതലിൻ കുഞ്ഞു കൂട്ടിൽ
ഒരു പൊൻ പുലരിയിൽ പൊട്ടിവിരിയാൻ
കൊതിക്കുന്ന ജീവനോടെന്തു ചൊല്ലാൻ
ഇരുളിൽ നിഴൽ വീണുടഞ്ഞു, കൂരിരുൾ
കാർന്നു തിന്നുന്നൊരീ മൃതഭൂമിയിൽ
ഇത്തിരി വെട്ടത്തിനാണ്ടുകളായുറ്റു
നോക്കുന്നോരായിരം കണ്ണുകൾക്ക് കൂട്ടായ്
അരികെ നിൻ കുരുന്നു മിഴികൾ കൂടി
പാരിൽ ദിശയറ്റ നിശയുടെ കാവലാളാകുക
താരാട്ടു പാടാതെ ഉൾവലിയുന്നുവോ
വറ്റി വരണ്ടു തളർന്നൊരാ നാവുകൾ
കരൾ ചുരന്നൊഴുകാതെ കനിവുറവ വറ്റി
കടംകൊണ്ടു പിന്നെയും ഹൃദയതാളം
ആരോ വലിക്കുന്ന കാന്ത ചരടിന്റ്റെ
അറ്റത്തു തേങ്ങലോടൊപ്പം നിലയ്ക്കാ ചലനവും
അതിലെൻ കിനാകളും അല്പം മിഴിനീരും
ഒടുവിലായ് പാടിയ പാട്ടും മരിക്കയായ്

വരിക വരിക ഈ ഭൂവിൽ പുലരുവാൻ
അരുമയായ്യുള്ളോരീ പുതുജീവനെ

കാടു പെറ്റോമാനിച്ചാദിപാഠങ്ങളാം
ശാന്തി ഗീതങ്ങൾ പകർന്നു നൽകും
ചുട്ടെരിക്കുന്നൊരാ വേദങ്ങൾ തൻ ചാരം
അറിവിന്റ്റെ ആത്മാവളന്നു നൽകും
നിറവും നിരാശയും നിനവിന്റ്റെ പെരുമയും
നീർവറ്റി മണ്ണിൽ അലിഞ്ഞു ചേരും
ചുറ്റിലും പാറും കരിക്കോല മൂർത്തികൾ
നെഞ്ചിലെ നന്മതൻ തീകെടുത്തും
ഹൃദയത്തിനുള്ളിൽ കെടാവിളക്കിൽ നീ
നിന്നിലെ നന്മയെ കാത്തുകൊൾക
ഇരുളിലങ്ങിങ്ങായ് ഇനിയും മരിക്കാത്ത
പകലിനാൽ എണ്ണ പകർന്നുകൊൾക
കിട്ടാതെ പോയൊരമ്മതൻ വാത്സല്യം
നന്മയിലുടെ നീ നേടിയെടുക്കുക
ഒടുവിലൊരുപാട്‌ കാട്ടുവേടന്മാർ
നിൻ നേർക്കും അമ്പുകൾ തൊടുത്തുവിടാം
നിന്നുടെ ഹൃദയമാം ആവനാഴിയിൽ എഴും
നന്മ തകർക്കുവാനതിനാവതില്ല
ഉയരുക ഉയരുക നിൻ കൊച്ചു ചിറകിൻ മേൽ
നന്മ തൻ അഗ്നി പടർത്തീടുക
പാടുക നിൻ നാദം ഇടറുംവരേയ്ക്കു നീ
ആദ്യമായ് കേട്ടൊരാ ശാന്തിപാഠം
ആദ്യമായ് കേട്ടൊരാ ശാന്തിപാഠം

No comments:

Post a Comment