Sunday 20 March 2016

ഈറൻ മുടിയിൽ നീ ചൂടിടുമൊരു 
തുളസി കതിരായ് എങ്കിൽ ഞാൻ .
ചുംബന മധുരമായ് എന്നെ പുണർന്നിടും 
കാറ്റിൻ കുളിരായ് എങ്കിൽ ഞാൻ 
പാടാൻ മറന്നൊരു പാട്ടിന്റ്റെ പല്ലവി 
കാതിൽ വെറുതെ മൂളി തരാം.
നൽകാൻ മടിച്ചൊരാ പണിനീർ പൂവുനീ 
കാണാതെ പിന്നിൽ മറച്ചു വയ്യ്കാം .

നിൻ വള കൊഞ്ചലെൻ നെഞ്ചിൻ മിടിപ്പിനെ 
അലസമായ് എന്നോ കവർന്നെടുത്തു ,
മൃദുലമാം നിൻ ചുണ്ടിൽ അലിയുന്ന മൗനമൊരു 
പ്രണയ സംഗീതമായ് ഞാനറിഞ്ഞു .
കാവിലെ കൽവിളക്കൊർമ്മയിൽ വീണ്ടും 
നെയ്ത്തിരി നാളമായ് എരിയുമ്പോൾ 
തൂവിരൽ തുമ്പാൽ കുറുനിര കോതി-
യൊതുക്കുന്ന നിൻ മുഖം മാത്രമായ് 

കുങ്കുമം ചാലിച്ച നിൻറ്റെ കവിൾതടം 
എന്തിനോ ഈറൻ അണിഞ്ഞിരുന്നു 
കണ്മക്ഷി കലരുമാ മിഴിനീർ തുള്ളികൾ 
മെല്ലെ തുടയ്കാൻ കൊതിച്ചുപോയി 
താമര പൂവിത്തൽ താനേ വിടരും 
പുലരികൾ മഞ്ഞിൽ പൊതിയുമ്പോൾ 
നീയെന്റ്റെ ആത്മാവിൽ ആദ്യാനുരാഗത്തിൻ 
കുളിർമഴ മെല്ലെ ചൊരിഞ്ഞിരുന്നു 

Friday 29 January 2016

പുണ്യതീര്‍ത്ഥം

മഴമാഞ്ഞ മിഴികളില്‍ അറിയാതെ പിന്നെയും
പ്രണയത്തിന്‍ തീര്‍ഥം തുളുമ്പിയെന്നോ ?
എവിടയൊവെച്ചു മറന്നൊരീ മുഖമിന്ന് വെറുതെ-
നിന്‍ ഓര്‍മ്മയില്‍ പൂത്തുവെന്നോ ?
വീണ്ടും ഒരുമാത്ര എന്നെ നീ ഓര്‍ത്തുവെന്നോ,
എന്‍റെ ഹൃദയത്തിന്‍ താളം അറിഞ്ഞുവെന്നോ.
മൊഴികളാല്‍ എരിയുന്ന കരളിന്‍ മുറിവുകള്‍
മിഴികളാല്‍ തഴുകാതെ പോയതല്ലേ .
നിനക്കായ്‌ മിടിച്ചോരാ ഹൃദയത്തിനൊരുപാതി
കാണാതെ മെല്ലെ അകന്നതല്ലേ.
വീണ്ടും ഓര്‍മ്മയില്‍ നമ്മള്‍ തളര്‍ന്നതെന്തേ ?
മിഴി, അറിയാതെ വീണ്ടും നിറഞ്ഞതെന്തേ ?
നിഴലില്‍ നിറങ്ങളെ തിരയുന്ന നാളില്‍ നീ
പരിഭവം ചുമ്മാ നടിച്ചതല്ലേ .
പ്രണയത്തിന്‍ ചില്ലകള്‍ തഴുക്കുന്ന ഹൃദയത്തിന്‍
അറിവോടെ കള്ളം പറഞ്ഞതല്ലേ .
വീണ്ടും മറവിയില്‍ എന്നെ തിരഞ്ഞതെന്തേ ?
അന്നേ ഓര്‍മ്മയില്‍ നമ്മള്‍ മരിച്ചതല്ലേ.
ഇനിയുമെന്‍ ആത്മാവില്‍ ഒരുവേള നീയൊരു
മഴയായ് കോരിചൊരിഞ്ഞുവെങ്കില്‍.
തോരാതെ പൊഴിയുന്ന കനവിന്‍റെ കുളിരില്‍
അറിയാതെ നാം സ്വയം മാഞ്ഞുവെങ്കില്‍.
തമ്മില്‍ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞുവെങ്കില്‍,
നമ്മെ മറവിതന്‍ പുണ്യം പുണര്‍ന്നുവെങ്കില്‍ ........